സൂചി വെള്ളത്തില്‍ പൊങ്ങിക്കിടക്കുമോ?


ഒരു തയ്യൽ സൂചി വെള്ളത്തിൽ പൊങ്ങിക്കിടക്കുമോ? സംശയിക്കേണ്ടാ.. പൊങ്ങിക്കിടക്കും.

സാധാരണ ഗതിയിൽ സൂചി വെള്ളത്തിൽ ഇട്ടാൽ താഴ്ന്നു പോകുക തന്നെ ചെയ്യും. പക്ഷേ വളരെ സാവധാനം സൂക്ഷിച്ച് ഒരു പുതിയ സൂചി വെള്ളത്തിനു മുകളിൽ വെച്ചു നോക്കൂ. അത്ഭുതം! സൂചി വെള്ളത്തിനു മുകളിൽ തന്നെയിരിക്കുന്നു. മെഴുകോ എണ്ണയോ മറ്റോ അല്പം പുരട്ടിയ സൂചിയാണെങ്കിൽ ഇത് എളുപ്പമായിരിക്കും. ഇനി ഇങ്ങനെ സാവധാനം വെച്ചിട്ടും താഴ്ന്നു പോകുന്നുണ്ടെങ്കിൽ മറ്റൊരു സൂത്രവിദ്യയിലൂടെ സൂചി വെള്ളത്തിൽ പൊക്കി നിർത്താം. വെള്ളത്തിനു മുകളിൽ കുറച്ചു ഒപ്പുകടലാസ് അല്ലെങ്കിൽ ടിഷ്യൂ പേപ്പർ വെക്കുക. അതിനു മുകളിൽ ഇനി സൂചി നന്നായി തുടച്ചിട്ട് വെക്കുക. ടിഷ്യൂ പേപ്പർ നനയുമ്പോൾ ഒരു പെൻസിൽ കൊണ്ട് കുത്തി വെള്ളത്തിലേക്ക് പതുക്കെ താഴ്ത്തുക. സൂചി മാത്രം വെള്ളത്തിൽ പൊങ്ങിക്കിടക്കും.

തീർച്ചയായും ഇരുമ്പു കൊണ്ടുണ്ടാക്കിയ തയ്യൽ സൂചിക്ക് ജലത്തെ അപേക്ഷിച്ച് പല മടങ്ങ് സാന്ദ്രത കൂടുതലാണ്. പക്ഷേ എങ്ങനെയാണ് സൂചി പൊങ്ങിക്കിടക്കുന്നത്? പ്രതലബലം അഥവാ സർഫസ് ടെൻഷൻ കൊണ്ട് ജലതന്മാത്രകൾ ഒരുക്കുന്ന മെത്തയിൽ വിശ്രമിക്കുകയാണ് നമ്മുടെ തയ്യൽ സൂചി.

ദ്രാവക തന്മാത്രകൾ പലരീതിയിലുള്ള ബലങ്ങൾകൊണ്ട് പരസ്പരം ആകർഷിക്കപ്പെടുന്നു. ദ്രാവകത്തിന്റെ അന്തർഭാഗത്ത് ഓരോ തന്മാത്രയുടേയും നാലുവശത്തു നിന്നും മുകളിൽ നിന്നും താഴെ നിന്നും മറ്റു തന്മാത്രകൾ ആകർഷിച്ച് വലിക്കുന്നതിനാൽ തന്മാത്രകൾ ഏകദേശം സന്തുലിതമായിരിക്കും. എന്നാൽ ദ്രാവകത്തിന്റെ മുകൾഭാഗത്തെ സ്ഥിതി ഇതല്ല. അവിടെ മുകളിലേക്ക് വലിക്കാൻ മറ്റു തന്മാത്രകൾ ഇല്ലല്ലോ! താഴേക്കുള്ള വലിയെ പ്രതിരോധിക്കാൻ അതിനും മുകളിൽ തന്മാത്രകൾ ഇല്ലാത്തതിനാൽ ദ്രാവകത്തിന്റെ മുകൾ ഭാഗം താഴെയുള്ള തന്മാത്രകൾ പിടിച്ച് വലിച്ച് ഒരു ഇലാസ്റ്റിക് പാളി പോലെ ആക്കുന്നു. ഇതാണ് പ്രതല ബലം അഥവാ സർഫസ് ടെൻഷൻ!

ദ്രാവക തന്മാത്രകളുടെ ഈ പരസ്പര ആകർഷണ ബന്ധം ഇല്ലായിരുന്നുവെങ്കിൽ….. തന്മാത്രകൾ ദ്രുതഗതിയിൽ ചലിച്ച് ചൂടുപിടിക്കുകയും വറ്റിപ്പോകുകയും മറ്റും ചെയ്‌തേനെ! ദൈവാനുഗ്രഹം..
Share this

Related Posts

Previous
Next Post »