Header Ads

കോണ്‍ഗ്രസ്സും കമ്മ്യൂണിസവും കേരളത്തില്‍ ഒതുങ്ങും (ഇനിയും പാഠം ഉള്‍ക്കൊള്ളുന്നില്ലെങ്കില്‍) !
ഇനിയും പഠിച്ചില്ലെങ്കില്‍ മുത്തശ്ശി പാര്‍ട്ടിയായ കോണ്‍ഗ്രസ്സിനും പ്രത്യയശാസ്ത്രത്തിന്റെ മേന്മ നടിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും കേരളത്തില്‍ മാത്രം ചൊറിയും കുത്തിയിരിക്കേണ്ട അവസ്ഥ വരുമെന്ന് പറയുന്നത് ചുമ്മാതല്ല. ചെറിയ കാരണങ്ങള്‍ കൊണ്ട് തമ്മില്‍ തല്ലിയും ജനങ്ങളെ ബാധിക്കുന്ന വലിയ കാര്യങ്ങളില്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയും ചെയ്തതാണ് ബിജെപിയെയും കോണ്‍ഗ്രസ്സിനെയും ഡല്‍ഹിയില്‍ നിന്നും തുടച്ചു നീക്കിയതെന്ന് ഇന്ന് തെരഞ്ഞെടുപ്പ് ഫലം കണ്ടപ്പോള്‍ നമുക്ക് ബോധ്യമായതാണ്‌.
ഇപ്പോള്‍ സംപൂജ്യരായ കൊണ്ഗ്രസ്സും മുന്‍പേ ഒന്നുമല്ലാത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഇന്നലെ ഒച്ചപ്പാടും ബഹളവും ഉണ്ടാക്കി വന്ന് ഇന്ന് തലതാഴ്ത്തി മടങ്ങുന്ന ബിജെപിയും ജനങ്ങളോടാണ്‌ തോറ്റത്. തെരഞ്ഞെടുപ്പില്‍ ജയിക്കുന്നത് വരെ ജനങ്ങളുടെ കാല്‍ നക്കി അവസാനം ജയിച്ചു കഴിഞ്ഞാല്‍ അടുത്ത 5 വര്‍ഷത്തേക്ക് അവരെ തിരിഞ്ഞു നോക്കാതെ നടക്കുന്നതിനും പോരാഞ്ഞ് അവരെ അങ്ങോട്ട്‌ പോയി ശല്യം ചെയ്യുന്ന നയങ്ങളും മറ്റും കൊണ്ട് വരുന്ന ഈ പാര്‍ട്ടികള്‍ക്ക് ഒരു ബദലായി ജനങ്ങള്‍ ആം ആദ്മിയില്‍ ഒരു പ്രതീക്ഷ കണ്ടതാണ് അവരെ ആപ്പിലേക്ക് അടുപ്പിച്ചത്.
നല്ലൊരു നേതൃത്വം ഇല്ലാത്തതാണ് കോണ്‍ഗ്രസ്സിനെയും കമ്യൂണിസ്റ്റ് സംഘടനകളെയും ജനങ്ങളില്‍ നിന്നും അകറ്റിയതെങ്കിലും ഉള്ള നേതാവിന്റെ അഹങ്കാരമാണ് ബിജെപിയില്‍ നിന്നും അണികളെ അകറ്റിയത്. ഇത് രണ്ടും ഫലപ്രദമായി വിനിയോഗിച്ചതിലൂടെ അരവിന്ദ് കേജ്രിവാളിലൂടെ ആം ആദ്മി ദില്ലി പിടിച്ചടക്കുകയായിരുന്നു. യുവരാജാവായി കോണ്ഗ്രസ് ഉയര്‍ത്തി കാണിക്കുന്ന രാഹുല്‍ എന്ത് ചോദിച്ചാലും സ്ത്രീ സുരക്ഷയെ കുറിച്ച് വാചാലനാവുന്ന ഒരൊറ്റ ഇന്റര്‍വ്യൂ കൊണ്ട് തന്നെ തന്റെ കഴിവ് ജനങ്ങളെ ബോധ്യപ്പെടുത്തി. അവിടുന്നിങ്ങോട്ട് പരാജയങ്ങളുടെ ഘോഷയാത്രയാണ് യുവരാജാവിന്റെ കീഴില്‍ കോണ്ഗ്രസ് ഏറ്റുവാങ്ങിയത്.

മോഡി തരംഗത്തില്‍ അധികാരം പിടിച്ചടക്കിയ ബിജെപിയിലെ തനിനിറ രാഷ്ട്രീയക്കാര്‍ രംഗപ്രവേശം ചെയ്തതോടെ ഘര്‍വാപ്പസിയിലൂടെയും മറ്റും അവരുടെ ഉദ്ദേശം തന്നെ ചോദ്യം ചെയ്യപ്പെടുകയായിരുന്നു. ഇന്ത്യയിലെ ഭൂരിപക്ഷവും മറ്റു മതസ്ഥരുമായി നള നിലയില്‍ വര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ആണെന്നും യുപിഎ ഭരണം കട്ടുമുടിച്ചത്തിന്റെ ദേഷ്യമാണ് തങ്ങളെ അധികാരത്തില്‍ കൊണ്ടെത്തിച്ചത്‌ എന്ന കാര്യവും ബിജെപി മറന്നതോടെ അവരുടെ വോട്ട് ബാങ്ക് മാത്രം അവരില്‍ ബാക്കിയായി. കൂടാതെ സാധാരണക്കാരെ പാടെ കൈവിട്ടു കൊണ്ടും അദാനിമാര്‍ക്ക് തടിച്ചു കൊഴുക്കുവാനുള്ള മാര്‍ഗമായും ഭരണത്തെ കണ്ട മോഡിയെ ജനം കൈവിടുന്ന കാഴ്ചയാണ് ഡല്‍ഹിയില്‍ കണ്ടത്.
ഇനിയും പാഠം ഉള്‍ക്കൊള്ളുന്നില്ലെങ്കില്‍ കോണ്‍ഗ്രസ്സും കമ്മ്യൂണിസവും കേരളത്തില്‍ ഒതുങ്ങും എന്ന് ടൈറ്റിലില്‍ പറഞ്ഞത് മറ്റൊന്നും കൊണ്ടല്ല. അവര്‍ ഇവിടെ നില നില്‍ക്കും എന്നും ഉദ്ദേശിച്ചല്ല. മറിച്ച് കേരളത്തിലെ ജനങ്ങള്‍ മാറിയാലേ ഇവിടത്തെ രാഷ്ട്രീയവും മാറൂ എന്ന താക്കീത് നല്‍കാനാണ് അങ്ങിനെ പറഞ്ഞത്. ഇവിടത്തെ മാധ്യമങ്ങളും ജനങ്ങളും മാറാതെ രാഷ്ട്രീയം മാറുമെന്നു കരുതുവാന്‍ ഞാന്‍ വിഡ്ഢിയൊന്നുമല്ല.

No comments

Powered by Blogger.