തുഷാരഗിരി


കോഴിക്കോടു നഗരത്തില്‍ നിന്നു നാല്പതു കിലോമീറ്ററകലെ പശ്ചിമഘട്ട മലനിരകളുടെ സൗന്ദര്യം കാച്ചിക്കുറുക്കിയെടുത്തതുപോലെ നില്ക്കുകയാണ് തുഷാരഗിരി. തിരക്കില്‍ നിന്നൊഴിഞ്ഞ് കുറച്ചുസമയം പ്രകൃതിയുടെ മടിത്തട്ടില്‍ ചെലവഴിക്കണമെന്നാഗ്രഹിക്കുന്നവര്‍ക്ക് നിസംശയം ശുപാര്‍ശചെയ്യാവുന്ന ഒരു സ്ഥലമാണ് തുഷാരഗിരി, പേരു സൂചിപ്പിക്കുന്നതുപോലെ തുഷാരബിന്ദുക്കള്‍ പൊഴിച്ചു നില്ക്കുന്ന ഒരു മലനിര.
വെള്ളച്ചാട്ടങ്ങളാണ് തുഷാരഗിരിയിലേ പ്രധാന ആകര്‍ഷണം മലമുകളില്‍ നിന്നു നിര്‍മ്മല ജലവുമായി വരുന്ന ഒരരുവിയിലാണ് ഇവ മൂന്നും. ഡി.ടി.പി.സി. ഒരുക്കിയിരിക്കുന്ന സ്ഥലത്തു വാഹനം പാര്‍ക്കു ചെയ്ത് പ്രവേശനടിക്കറ്റുമെടുത്തു നമ്മള്‍ മുന്നോട്ടുനടക്കുമ്പോള്‍ ഒരു പാലം കഴിഞ്ഞാല്‍ ഏറെ അകലെയല്ലാതെ ഏറ്റവും താഴെയുള്ള വെള്ളച്ചാട്ടം കാണാം. വെള്ളമൊഴികി രൂപംകൊണ്ട ഒരു വലിയ പാറക്കുളം നിറയെ ഊര്‍ജ്ജം പകരുന്ന തണപ്പുമായി ശുദ്ധജലം. ഇരുന്നു വെള്ളച്ചാട്ടം കാണാന്‍ ഡി.ടി.പി.സി. സ്ഥാപിച്ച ബെഞ്ചുകള്‍ മുകളിലുണ്ട്. തണുത്ത വെള്ളത്തില്‍ കൈകാലുകള്‍ കഴുകുകയും കുളിക്കുകയും ചെയ്യുന്ന ധാരാളമാളുകളെ എപ്പോഴും ഒന്നാമത്തെ വെള്ളച്ചാട്ടത്തിനടുത്തുകാണാം.
മറ്റു രണ്ടു വെള്ളച്ചാട്ടങ്ങളിലെത്താല്‍ കുത്തനെ മേലേയ്ക്കു കയറണം. ഡി.ടി.പി.സി. സ്ഥാപിച്ച കല്പടവുകള്‍ വളരെ ഉപകാരപ്രദമാണ്. കയറിപ്പോകുമ്പോള്‍ രണ്ടാമത്തെ വെള്ളച്ചാട്ടത്തിന്റെ ഇലമ്പം നമ്മെ സ്വാഗതം ചെയ്യുകയാണെന്നു തോന്നും. അടുത്തുചെല്ലുമ്പോള്‍ നാം കാണുന്നത് പാറക്കെട്ടുകള്‍ക്കിടയിലൂടെ ഒരു ചെറിയ കുളത്തിലേക്കു ശക്തമായിപ്പതിക്കുന്ന ഒരു വെള്ളച്ചാട്ടമാണ്. നല്ല വെള്ളനിറമുള്ള മണല്‍ കുളത്തിനടിയില്‍ തെളിഞ്ഞുകാണാം. ഈ വെള്ളച്ചാട്ടത്തിലിറങ്ങി പ്രകൃതിയുടെ ശക്തമായ ‘ഷവറിനു’ കീഴില്‍ നില്ക്കുന്നത് അനുഭൂതി പകരുന്ന ഒരുനുഭവമാണ്. പാറക്കെട്ടുകളില്‍ കൂടി ഇവിടേക്കെത്തുന്നത് എളുപ്പമല്ലാത്തതിനാലാകണം വെള്ളച്ചാട്ടം കണ്ടുമടങ്ങുന്നവരാണ് അധികം.
രണ്ടാമത്തെ വെള്ളച്ചാട്ടത്തില്‍ നിന്നും ഒന്നരകിലോമീറ്റര്‍ കൂടി നടന്നു കയറിയാലാണു മൂന്നാമത്തെ വെള്ളച്ചാട്ടത്തില്‍ എത്തുക. ആരോഗ്യവും ട്രക്കിങ്ങില്‍ താല്പര്യവുമുള്ളവര്‍ മാത്രമേ ഇവിടേക്കു പോകാറുള്ളൂ. മലമുകളിലുള്ള ഈ വെള്ളച്ചാട്ടത്തിനടുത്തുനിന്നുള്ള കാഴ്ച അതിമനോഹരമാണ്. പശ്ചിമഘട്ട മലനിരകളുടെ ഭംഗിമുഴുവന്‍ ഇവിടെ നിന്നാല്‍നുകരാം.
രാത്രി തങ്ങാനാഗ്രിക്കുന്നവര്‍ക്ക് അതിനുള്ള സൗകര്യവും തുഷാരഗിരിയിലുണ്ട്. ഡി.ടി.പി.സി.യുടെ ‘ഹട്ടുകള്‍’ ഭംഗിയും വൃത്തിയുമുള്ളതാണ്. സ്വകാര്യ റിസോര്‍ട്ടുകളുമുണ്ട്. നേരത്തെ ബുക്കുചെയ്തുപോകുന്നതാണ് നല്ലത്. രാത്രിയില്‍ നല്ല തണപ്പുണ്ട് മഴ പെയ്താല്‍ പ്രത്യേകിച്ചും.
വെള്ളച്ചാട്ടം കാണാന്‍ മലകയറുന്നതിനുമുന്‍പ് ടിക്കറ്റ് കൗണ്ടറിനടുത്തുള്ള ഹോട്ടലില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തിട്ടു പോകുന്നതാണു നല്ലത്. കൊതിയൂറിക്കുന്ന നാടന്‍ വിഭവങ്ങള്‍ അവര്‍ രുചികരമായി പാകം ചെയ്തു. നിങ്ങള്‍ക്കുവേണ്ടി സൂക്ഷിക്കും. മലമുകളില്‍ കഴിക്കാനൊന്നും കിട്ടില്ല. കൊറിക്കാനെന്തെങ്കിലും കരുതിക്കോളൂ, ആവശ്യത്തിനുവെള്ളവും. പ്ലാസ്റ്റിക് നിരോധിത മേഖലയാണു തുഷാരഗിരി. പ്ലാസ്റ്റിക് കുപ്പിയില്‍ വെള്ളം അകത്തേക്കു കൊണ്ടുപോകണമെങ്കില്‍ ടിക്കറ്റ് കൗണ്ടറില്‍ ചെറിയൊരു തുക കെട്ടിവയ്ക്കണം. കാലിക്കുപ്പി തിരിച്ചുകൊണ്ടുവന്നുകൊടുത്താല്‍ നിങ്ങളുടെ നിക്ഷേപം തിരിച്ചുകിട്ടും.


Share this

Related Posts

Previous
Next Post »