സി പി എം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ. കോടിയേരി ബാലകൃഷ്ണനു അഭിനന്ദനങ്ങൾ.

വളരെ ഭാരിച്ച ഉത്തരവാദിത്തമാണു അദ്ദേഹം ഏറ്റെടുത്തിരിക്കുന്നത്‌. കമ്മ്യൂണിസ്റ്റ്‌ പാർട്ടികളുടെ ഔപചാരിക കടന്നുവരവിനും മുൻപുതന്നെ കേരളം ഒരു ഇടതുപക്ഷ മനസ്സ്‌ കൈവരിച്ചിട്ടുണ്ടായിരുന്നു എന്ന് നമുക്കറിയാം. അതിനെ ശക്തിപ്പെടുത്തുന്ന തരത്തിലുള്ള പാർട്ടിയുടെ ആദ്യകാല പ്രവർത്തനങ്ങളുംജനമനസ്സുകളിൽ ജീവിച്ച്‌ അടിസ്ഥാനവർഗ്ഗ താത്പര്യങ്ങൾക്കുവേണ്ടി പോരാടിയ നേതാക്കളും ഈ നാടിനു മുഴുവൻ അഭിമാനമാണു. മറ്റ്‌ പാർട്ടികളുടെ പ്രവർത്തനങ്ങളെ വരെ ഗുണപരമായി സ്വാധീനിക്കാൻ ഇവിടെ സൃഷ്ടിക്കപ്പെട്ട ഈ ഇടതുബോധത്തിനു കഴിഞ്ഞിട്ടുണ്ട്‌. തനതായ വികസനമാതൃകയിലൂടെ കേരളം കൈവരിച്ച മാനവ വികസന സൂചികകളിലെ നേട്ടങ്ങളടക്കം അതിന്റെ ഗുണഫലങ്ങളാണു. അതുകൊണ്ടുതന്നെ ഒരു ഇടതുപക്ഷം ഇവിടെ ശക്തമായി നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നത്‌ സോ കോൾഡ്‌ ഇടതുപക്ഷ പാർട്ടികളിൽപ്പെട്ടവർ മാത്രമല്ല.

കേരളത്തിൽ മതനിരപേക്ഷ രാഷ്ട്രീയത്തെ ശക്തമായി മുന്നോട്ടുകൊണ്ടുപോകാൻ ചുമതലപ്പെട്ട പ്രധാന രാഷ്ട്രീയ പാർട്ടിയാണു സി പി എം. വർഗ്ഗീയ രാഷ്ട്രീയ പാർട്ടികളിലേക്കുള്ള സ്വന്തം പാർട്ടിയിൽ നിന്നുള്ള കൊഴിഞ്ഞുപോക്കിന്റേയും തിരിച്ച്‌ അത്തരം പാരമ്പര്യമുള്ളവരുടെ പാർട്ടിയിലേക്കുള്ള കടന്നുവരവിന്റെയും പശ്ചാത്തലത്തിൽ കൂടുതൽ വ്യക്തവും ദീർഗ്ഘവീക്ഷണത്തോടുകൂടിയതുമായ നയസമീപനങ്ങൾ സി പി എമ്മിൽ നിന്ന് ജനങ്ങളാഗ്രഹിക്കുന്നു. ദീർഗ്ഘകാലാടിസ്ഥാനത്തിൽ മതേതര രാഷ്ട്രീയത്തിനുആഴത്തിൽ വളരാൻ കഴിയണമെങ്കിൽ മതാതീത മാനവികതയെ ഉയർത്തിപ്പിടിക്കുന്ന ഒരു സമൂഹത്തെ ചുറ്റിലും വളർത്തേണ്ടതുണ്ടെന്ന് നാം മനസ്സിലാക്കണം. മാപ്പിളപ്പാട്ടും പാടി, വിപ്ലവത്തിരുവാതിരയും കളിച്ച്‌, ഭഗവദ്‌ ഗീതയുടെ മാനവിക സന്ദേശത്തേക്കുറിച്ചും മാർക്ക്സിസത്തിന്റെ ഇസ്ലാം വായനയേക്കുറിച്ചും സെമിനാർ സംഘടിപ്പിക്കുകയാണോ അതോ അതിരുകടക്കുന്ന മതബോധവും അതുൽപ്പാദിപ്പിക്കുന്ന സവർണ്ണ, ഫ്യൂഡൽ, പുരുഷ കേന്ദ്രിത, സ്ത്രീ വിരുദ്ധ, സദാചാരനിബദ്ധ മൂല്ല്യസങ്കൽപ്പങ്ങളും സമൂഹത്തെ എവിടെയെത്തിക്കുന്നു എന്നതിനേക്കുറിച്ചുള്ള ചരിത്രപരവും വർഗ്ഗാധിഷ്ഠിതവുമായ ശാസ്ത്രീയ വിശകലനങ്ങളാണോ ഒരു കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്ന ചോദ്യം ഈ സമ്മേളന കാലത്തുതന്നെ ഉയർന്നുവന്നിട്ടുണ്ട്‌.

പതിവായി നടക്കുന്ന പാർട്ടി സമ്മേളനങ്ങളും അതിലെ തെരഞ്ഞെടുപ്പുകളുമെല്ലാം ഉൾപാർട്ടി ജനാധിപത്യത്തിന്റെ മികച്ച ഉദാഹരണമായി പാർട്ടിക്കാർ ചൂണ്ടിക്കാട്ടുമെങ്കിലും ഇന്നും സ്റ്റാലിനിസ്റ്റ്‌ ഇരുമ്പുമറകളും സംഘടനാ അച്ചടക്കത്തിന്റെ പേരിലുള്ള യാന്ത്രിക കാർക്കശ്യവും യഥാർത്ഥത്തിൽ സി പി എം പോലുള്ള പാർട്ടികളുടെ പരിമിതിയാണു. എന്നാൽ ഇത്‌ അംഗീകരിക്കാനും ആധുനിക ജനാധിപത്യ കാലത്തിനുതകുന്നസുതാര്യമായ പ്രവർത്തനരീതികൾസ്വീകരിക്കാനും അവർക്ക്‌ കഴിയുന്നില്ല എന്നതാണു ഖേദകരം. "നിങ്ങൾക്ക്‌ ഈ പാർട്ടിയേക്കുറിച്ച്‌ ഒരു ചുക്കുമറിയില്ല"എന്ന് അടച്ചാക്ഷേപിച്ച്‌ വിമർശ്ശിക്കുന്നവരുടെ വായ്‌ മൂടിക്കെട്ടുകയല്ല, മറിച്ച്‌ പാർട്ടിയുടെ ഓരോ നിലപാടും അതിന്റെ സാംഗത്യവും മനുഷ്യർക്ക്‌ മനസ്സിലാവുന്ന ഭാഷയിൽ പൊതുസമൂഹത്തിനെക്കൂടി ബോധ്യപ്പെടുത്തിക്കൊണ്ട്‌ മാത്രമേ ഇനിയുള്ള കാലത്ത്‌ ഏതൊരു പ്രസ്ഥാനത്തിനുംമുൻപോട്ട്‌ പോകാൻ കഴിയുകയുള്ളൂ.

ഇന്ന് ലോകമെമ്പാടുമുള്ള ഇടതുപക്ഷ പാർട്ടികളൊന്നുംതന്നെ പഴയ മട്ടിലുള്ള കമ്മ്യൂണിസ്റ്റ്‌ മാതൃകയിലുള്ള പാർട്ടികളല്ല, ജനാധിപത്യ പ്രവർത്തനശൈലികളെ ഉൾക്കൊള്ളുന്ന സോഷ്യൽ ഡമോക്രാറ്റിക്‌ പാർട്ടികളാണു എന്ന യാഥാർത്ഥ്യവും അവർ ഉൾക്കൊള്ളേണ്ടതുണ്ട്‌. എന്നാൽ കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടികൾക്ക്‌ സോഷ്യൽ ഡമോക്രാറ്റിക്‌ പാർട്ടികൾ എന്നു കേൾക്കുന്നത്‌ ഒരു അശ്ലീല വിശേഷണമായി തോന്നുന്ന അവസ്ഥയാണുള്ളതെന്ന് തോന്നുന്നു. പാർട്ടിക്കകത്തും പുറത്തുമുള്ള പൊളിറ്റിക്കൽ ഡിസന്റിനെ ഉൾക്കൊള്ളുക എന്നത്‌ മാത്രമല്ല പ്രോത്സാഹിപ്പിക്കുക എന്നത്‌ കൂടി വ്യവസ്ഥപിതമായിത്തന്നെ ചെയ്യേണ്ടുന്ന കാലത്ത്‌ പാർട്ടി അച്ചടക്കം, പാർട്ടി രഹസ്യം എന്നിവക്കൊക്കെ നൽകുന്ന അമിതപ്രാധാന്യം പഴയ സ്റ്റാലിനിസത്തിന്റെ പ്രേതം ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല എന്നതാണു സൂചിപ്പിക്കുന്നത്‌. ഒരു ജനാധിപത്യ വ്യവസ്ഥിതിയിൽ രാഷ്ട്രീയ എതിരാളികളോട്‌ ഏറ്റുമുട്ടേണ്ടത്‌ ആശയപരമായി മാത്രമായിരിക്കണമെന്നും അസഹിഷ്ണുതയുടെ കൊലക്കത്തി താഴെ വെക്കണമെന്നും കോളേജ്‌ ക്യാമ്പസുകളെ "റെഡ്‌ ഫോർട്ടു"കളാക്കാൻ വെമ്പുന്ന കുട്ടിസ്സഖാക്കളോടും നിയമവ്യവസ്ഥയെ വെല്ലുവിളിച്ച്‌പാർട്ടി ഗ്രാമങ്ങളുണ്ടാക്കുന്ന മുതിർന്ന സഖാക്കളോടും ആർജ്ജവത്തോടെ പറയാൻ നീണ്ട പിണറായി യുഗത്തിനു ശേഷം കണ്ണൂരിൽ നിന്നുതന്നെ സെക്രട്ടറി സ്ഥാനത്തെത്തുന്ന കോടിയേരിക്ക്‌ കഴിഞ്ഞാൽ അത്‌ സി പി എമ്മിന്റെ മുഖത്തിനു മാറ്റുകൂട്ടും എന്നതിൽ സംശയമില്ല.

സി പി എം ഇനിയും സമരം ചെയ്യണമെന്ന് തന്നെയാണു കേരളം ആഗ്രഹിക്കുന്നത്‌. എന്നാലത്‌ കാലഹരണപ്പെട്ട സമരരീതികൾ കയ്യൊഴിഞ്ഞും സമരലക്ഷ്യത്തോട്‌ പൂർണ്ണമായ സത്യസന്ധതയും ആത്മാർത്ഥതയും പുലർത്തിയുമായിരിക്കണമെന്ന് മാത്രം. കൂടെയുള്ളവർ തന്നെ "അഡ്ജസ്റ്റ്‌മന്റ്‌ സമരങ്ങൾ" എന്ന് വിശേഷിപ്പിക്കുന്ന മട്ടിൽ സ്ഥാപിത താത്പര്യങ്ങളുടെസംരക്ഷണാർത്ഥം നടത്തപ്പെടുന്ന സമരനാടകങ്ങളും ഒത്തുതീർപ്പുകളും ഒഴിവാക്കി സാധാരണക്കാരുടെ അടിസ്ഥാന പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുള്ള യഥാർത്ഥ ജനകീയ സമരങ്ങൾ ഉയർത്തിക്കൊണ്ടുവരാൻ പുതിയ നേതൃത്ത്വത്തിനുകഴിയട്ടെ എന്ന് ആശംസിക്കുന്നു.

Share this

Related Posts

Previous
Next Post »