Header Ads

ഭക്ഷണശൈലി ക്രമീകരിക്കാം...അര്‍ബുദം തടയാം...

ജീവിതശൈലി രോഗങ്ങളില്‍പ്പെടുന്ന ക്യാന്‍സര്‍ വളരെ സുപരിചിതമായ കാരണങ്ങളാലാണ് രൂപപ്പെടുക. നിശബ്ദമായി കടന്നുവരിക, പിന്നീട് സങ്കീര്‍ണതകളില്‍ എത്തിക്കുക തുടങ്ങിയ ജീവിതശൈലി രോഗങ്ങളുടെ പ്രത്യേകതകള്‍ അര്‍ബുദത്തിനുമുണ്ട്. കോശങ്ങളുടെ അനിയന്ത്രിതവും അസ്വാഭാവികവുമായ വളര്‍ച്ചയാണ് ക്യാന്‍സര്‍ എന്നു പറയാം. കോശങ്ങളുടെ അളവറ്റ വളര്‍ച്ച എന്നര്‍ഥമുള്ള "അര്‍ബുദം' എന്ന പദത്താലാണ് ആയുര്‍വേദം ക്യാന്‍സറിനെ സൂചിപ്പിക്കുക.

അര്‍ബുദം ഉണ്ടാകുന്നതെങ്ങനെ?
കോശവിഭജനം അനുസ്യൂതം തുടര്‍ന്നുകൊണ്ടേയിരിക്കുന്ന ഒരു പ്രക്രിയയാണ്്. എന്നാല്‍, ചിലപ്പോള്‍ ഈ പ്രക്രിയയുടെ താളംതെറ്റുന്നു. തുടര്‍ന്ന് ശരീരത്തിലെ പ്രത്യേക ഭാഗത്തെ കോശങ്ങള്‍ അനിയന്ത്രിതമായി വളരുകയും വിഭജിക്കപ്പെട്ടുണ്ടാകുന്ന പുതിയ കോശങ്ങള്‍ ഒന്നുചേര്‍ന്ന് തടിപ്പിന്റെയോ വളര്‍ച്ചയുടെയോ പാടുകളുടെയോ രൂപത്തില്‍ മുഴകള്‍ രൂപംകൊള്ളുന്നു. തുടര്‍ന്ന് അപായകരമായ മുഴകളിലെ കോശങ്ങള്‍ രക്തത്തിലേക്കോ കോശസമൂഹത്തിലേക്കോ കടന്നുചെന്ന് പെട്ടെന്ന് പടരുകയും വ്യാപിക്കുകയും പുതിയ മുഴകള്‍ ഉണ്ടാകുകയും ജീവന് ഭീഷണി ഉയര്‍ത്തുന്ന അര്‍ബുദമായി മാറുകയും ചെയ്യും. അപായകരമല്ലാത്ത മുഴകള്‍ മറ്റ് കോശങ്ങളെ ബാധിക്കുകയില്ല.

ജീവിതശൈലിയും ക്യാന്‍സറും
അര്‍ബുദത്തിന് കാരണമാകുന്ന നിരവധി പ്രേരകഘടകങ്ങളില്‍ ഏറിയപങ്കും ജീവിതരീതിയുമായി ബന്ധപ്പെട്ടതാണ്. തെറ്റായ ഭക്ഷണശീലങ്ങള്‍, പുകവലി, മദ്യപാനം, പരിസ്ഥിതി മലിനീകരണം, പാരമ്പര്യം ഇവയൊക്കെ അര്‍ബുദത്തിന് ഇടയാക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇവയില്‍ ഒന്നിലധികം ഘടകങ്ങള്‍ ഒരാളില്‍ത്തന്നെ ഒത്തുചേരുമ്പോഴാണ് അര്‍ബുദം ഉണ്ടാവുക. അര്‍ബുദത്തിനു കാരണമാകുന്ന ജീനുകള്‍ എല്ലാവരിലുമുണ്ട്. ഒപ്പം ഇവയെ നിയന്ത്രിച്ച് അര്‍ബുദത്തെ തടയുന്ന ജീനുകളുമുണ്ട്്. ഈ രണ്ടുതരം ജീനുകളുടെയും പ്രവര്‍ത്തനം സാധാരണ നിലയിലാണെങ്കില്‍ അര്‍ബുദം ഉണ്ടാവില്ല. എന്നാല്‍ ചില കാരണങ്ങള്‍, പ്രത്യേകിച്ച് തെറ്റായ ഭക്ഷണശീലങ്ങള്‍, പുകവലി തുടങ്ങിയ പ്രേരകഘടകങ്ങള്‍ അര്‍ബുദത്തിന് കാരണമായ ജീനുകളുടെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുന്നതോടൊപ്പം നിയന്ത്രിച്ചുനിര്‍ത്തുന്ന ജീനുകളെ ജനിതക വ്യതിയാനത്തിന് ഇടയാക്കി അര്‍ബുദത്തിന് വഴിയൊരുക്കുന്നു. എന്നാല്‍, ജനിതകപരമായി അര്‍ബുദസാധ്യത ഉള്ളവരില്‍പ്പോലും പുകവലി തുടങ്ങിയ, പ്രേരകഘടക ങ്ങളെ ഒഴിവാക്കുന്നതിലൂടെ അര്‍ബുദത്തെ തടയാനാകും.

ഭക്ഷണരീതിയും അര്‍ബുദവും
ഭക്ഷണരീതിയിലെ അപാകമാണ് 50 ശതാനത്തോളം ക്യാന്‍സറുകള്‍ക്കും കാരണമാകുന്നത്. പൂരിത കൊഴുപ്പുകള്‍, എരിവ്, ഉപ്പ്, മധുരം ഇവ കൂടിയ വിഭവങ്ങള്‍, കൃത്രിമനിറവും മണവും ചേര്‍ത്ത ഭക്ഷണങ്ങള്‍, പ്രിസര്‍വേറ്റീവുകള്‍ ചേര്‍ത്തവ, ഫാസ്റ്റ് ഫുഡുകള്‍ ഇവ അര്‍ബുദത്തെ ഉത്തേജിപ്പിക്കാറുണ്ട്. ഇത്തരം ഭക്ഷണശീലങ്ങള്‍ കുട്ടിക്കാലംമുതല്‍ ശീലമാക്കുന്നവരില്‍ അര്‍ബുദസാധ്യത വളരെ നേരത്തെയാകും. ആയുര്‍വേദം ചികിത്സയെക്കാള്‍ പ്രാധാന്യം നല്‍കുന്നത് രോഗപ്രതിരോധത്തിനാണ്. ശരിയായ ഭക്ഷണത്തിന് രോഗപ്രതിരോധശേഷി കൈവരിക്കുന്നതില്‍ പ്രധാന പങ്കുണ്ട്. ആഹാരത്തെ ഹിതം എന്നും അഹിതമെന്നും രണ്ടായി തിരിച്ചിട്ടുണ്ട്. ധാന്യങ്ങള്‍, ഇലക്കറികള്‍, പച്ചക്കറികള്‍ ഇവ ഉപ്പു കുറച്ച് ലളിതമായി പാകംചെയ്യുന്നത്. അര്‍ബുദം ഉള്‍പ്പെടെ വിവിധ രോഗങ്ങളെ തടയാറുണ്ട്. ചെറുപയര്‍, വാഴക്കൂമ്പ്, വാഴപ്പിണ്ടി, മുരിങ്ങയില, പടവലങ്ങ, നെല്ലിക്ക, മുന്തിരിങ്ങ, മാതളം, തക്കാളി, ചെറുനാരങ്ങ, കുരുമുളക്, ഇഞ്ചി, മഞ്ഞള്‍, റാഗി, എള്ള്, ഇന്തുപ്പ്, ഗോതമ്പ് ഇവ മാറിമാറി നിത്യഭക്ഷണത്തില്‍ ഉള്‍പെടുത്താവുന്നതാണ്. എന്നാല്‍,തൈര്, മാംസം, മത്സ്യം, അമരയ്ക്ക, ചേമ്പ്, താമരവളയം, അരച്ചുണ്ടാക്കിയ പലഹാരങ്ങള്‍, മുളപ്പിച്ച ധാന്യങ്ങള്‍ ഇവ ഇടവിട്ടേ കഴിക്കാവൂ. നിത്യവും പാടില്ല. അമിതമായി ഭക്ഷിക്കുന്നതും, കഴിച്ചത് ദഹിക്കുന്നതിനു മുമ്പേ വീണ്ടും വീണ്ടും കഴിക്കുന്നതും അര്‍ബുദസാധ്യത വര്‍ധിപ്പിക്കും. കൂടാതെ പാലും പുളിയുള്ള പഴങ്ങളും, തൈരും കോഴിമാംസവും, മത്സ്യവും ഉഴുന്നും പോലെയുള്ള വിരുദ്ധാഹാരങ്ങളും ഒഴിവാക്കണം. തൈര് പുരട്ടിവച്ച മാംസം ചൂടില്‍ പാകംചെയ്യുന്നതും പാലിനൊപ്പം പുളിയുള്ള പഴങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന മില്‍ക്ക് ഷെയ്ക്കും ഒട്ടും ആരോഗ്യകരമല്ല. കൂടാതെ നാരുകളുടെയും ജീവകങ്ങളുടെയും സമൃദ്ധമായ കലവറയായ പഴങ്ങളും പച്ചക്കറികളും വേണ്ടത്ര അളവില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താത്തതും അര്‍ബുദത്തിന് ഇടയാക്കും.

ഭക്ഷ്യനാരുകളുടെ പ്രാധാന്യം
ആഹാരത്തിലെ ദഹിക്കപ്പെടാതെ പോകുന്ന ഘടകമാണ് ഭക്ഷ്യനാരുകള്‍. ദഹനരസങ്ങളുടെ പ്രവര്‍ത്തനംമൂലം മൃദുവാകുന്ന നാരുകള്‍ ദഹനപഥത്തിലെ മാലിന്യങ്ങളെ തുടച്ചുമാറ്റി പുറത്തുകളയാന്‍ വഴിയൊരുക്കുന്നു. വെള്ളം വലിച്ചെടുത്ത് വീര്‍ക്കുന്ന ഇവ രാസാഗ്നിയുടെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുകയും ആഹാരപദാര്‍ഥങ്ങളുടെ ദഹനപഥത്തിലൂടെയുള്ള സഞ്ചാരത്തെ സുഗമമാക്കിയും അടിഞ്ഞുകൂടുന്ന വിഷവസ്തുക്കളെ വിസര്‍ജിപ്പിച്ചും ദഹനവ്യൂഹത്തിലെ, പ്രത്യേകിച്ച് കുടലിലെ അര്‍ബുദബാധയെ തടയുന്നു. ഒപ്പം കൊളസ്ട്രോളിന്റെയും പ്രമേഹത്തിന്റെയും നില ക്രമീകരിക്കുകയും ചെയ്യും. സെല്ലുലോസ്, ഹെമിസെല്ലുലോസ്, പെക്ടിന്‍ തുടങ്ങിയവയിലാണ് ഭക്ഷ്യനാരുകള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നത്. തവിടുകളയാത്ത ധാന്യങ്ങള്‍, കൂണുകള്‍, പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍ ഇവയില്‍ നാരുകള്‍ സമൃദ്ധമായുണ്ട്. പ്രതിരോധംതീര്‍ത്ത് ഭക്ഷണങ്ങള്‍മഞ്ഞള്‍: മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന "കുര്‍കുമിന്‍' അര്‍ബുദത്തെ പ്രതിരോധിക്കും. പുരുഷന്മാരെ ബാധിക്കുന്ന പ്രോസ്റ്റേറ്റ് ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ഏറെ പര്യാപ്തമാണിത്. അര്‍ബുദത്തിന്റെ ആക്രമണങ്ങളില്‍നിന്ന് കോശങ്ങളെ സംരക്ഷിക്കുന്നതോടൊപ്പം അര്‍ബുദകോശങ്ങള്‍ വര്‍ധിക്കാതിരിക്കാനും സഹായിക്കും.

വെളുത്തുള്ളി: അര്‍ബുദത്തെ തടയുന്ന മുപ്പതോളം ഘടകങ്ങള്‍ വെളുത്തുള്ളിയിലുണ്ട്. ക്യാന്‍സറിനെ പ്രതിരോധിക്കുന്ന വെളുത്തുള്ളിയിലെ ഗന്ധകപ്രധാനമായ ഘടകങ്ങള്‍ സ്തനം, ആമാശയം, കുടല്‍ ഇവകളിലെ അര്‍ബുദം തടയും. അര്‍ബുദത്തെ പ്രതിരോധിക്കുന്ന "അല്ലിനേസ്' എന്ന എന്‍സൈം രൂപപ്പെടാന്‍ വെളുത്തുള്ളി അരിഞ്ഞ് 10 മിനിറ്റിനുശേഷംമാത്രം പാകപ്പെടുത്തണം.

എള്ള്: കുടലിലെ ക്യാന്‍സറിനെ തടയാന്‍ എള്ളിലെ "ഫൈറ്റേറ്റ്' എന്ന ഘടകത്തിനു കഴിയും. എള്ളില്‍ സമൃദ്ധമായി അടങ്ങിയിരിക്കുന്ന മഗ്നീഷ്യവും അര്‍ബുദം തടയാന്‍ പര്യാപ്തമാണ്.

ഇഞ്ചി: ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന സിഞ്ചെറോണ്‍, ജിന്‍ജെറോള്‍, പരഡോള്‍ തുടങ്ങിയ ഘടകങ്ങള്‍ പ്രോസ്റ്റേറ്റ് ക്യാന്‍സറിനെ പ്രതിരോധിക്കും. ഓറഞ്ച്, നാരങ്ങ, നെല്ലിക്ക: ഇവ ക്യാന്‍സര്‍ ഉണ്ടാക്കാന്‍ ഇടയാകുന്ന രാസവസ്തുക്കളുടെ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കും. തൊലിപ്പുറത്തെ ക്യാന്‍സര്‍ തടയാന്‍ നാരങ്ങയ്ക്കു കഴിവുണ്ട്.

തക്കാളി: ക്യാന്‍സറിനെ പ്രതിരോധിക്കുന്ന ""ലൈക്കോപിനിന്റെ ഏറ്റവും നല്ല ഉറവിടമാണ് തക്കാളി. പ്രതിരോധത്തോടൊപ്പം രോഗവ്യാപനത്തെയും തടയുന്നു. പ്രോസ്റ്റേറ്റ്, ശ്വാസകോശം, ആമാശയം, സ്തനം, എന്‍ഡോമെട്രിയന്‍ ക്യാന്‍സര്‍, തൊലിപ്പുറത്തെ അര്‍ബുദം ഇവയെ തടയാന്‍ ലൈക്കോപിന് കഴിയും. കാബേജ്, ബ്രോക്കോളി, കോളിഫ്ളവര്‍ഇവയില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ക്ക് അര്‍ബുദകാരികളായ കോശങ്ങളെ നശിപ്പിക്കാനുള്ള കഴിവുണ്ട്. സ്തനം, കുടല്‍, പ്രോസ്റ്റേറ്റ് എന്നിവയിലെ അര്‍ബുദത്തെ തടയാനാകും. തൈറോയ്ഡ് രോഗമുള്ളവര്‍ ഉപയോഗം പരിമിതപ്പെടുത്തണം.

സോയാബീന്‍: "പ്രോട്ടീസ് ഇന്‍ഹിബിറ്ററു'കളുടെ ഏറ്റവും നല്ല ഉറവിടമായ സോയാബീന്‍ ആര്‍ത്തവവിരാമശേഷമുള്ള സ്തനാര്‍ബുദം, കുടല്‍, വായ, ശ്വാസകോശം, കരള്‍, പാന്‍ക്രിയാസ് എന്നിവിടങ്ങളിലെ അര്‍ബുദത്തെ തടയും. സംസ്കരിക്കാത്ത സോയാപയറാണ് ഗുണകരം. വളരെ ചെറിയതോതില്‍ മാത്രമേ തൈറോയ്ഡ് രോഗം ഉള്ളവര്‍ ഉപയോഗിക്കാവൂ. പച്ച, ഓറഞ്ച്, മഞ്ഞനിറത്തിലുള്ള പച്ചക്കറികള്‍, പഴങ്ങള്‍പച്ച, മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള പഴങ്ങളിലും പച്ചക്കറികളിലും സമൃദ്ധമായി അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിന്‍ ശക്തമായ അര്‍ബുദ പ്രതിരോധ വസ്തുവാണ്. കാരറ്റ്, മത്തങ്ങ, ചീര, കോവയ്ക്ക, മുരിങ്ങക്ക, പപ്പായ, നെല്ലിക്ക, മാങ്ങ, സപ്പോട്ട ഇവ ഏറെ ഗുണകരമാണ്.

പച്ചക്കറികള്‍ നന്നായി കഴുകിവൃത്തിയാക്കിയ ശേഷമേ ഉപയോഗിക്കാവൂ. വീട്ടില്‍ ചെറിയ പച്ചക്കറിത്തോട്ടം ഒരുക്കുന്നതിലൂടെ കീടനാശിനി മുക്തമായ പച്ചക്കറികള്‍ നേടാനാകും. പച്ചക്കറികളില്‍ ചേര്‍ക്കുന്ന കീടനാശിനികളും അര്‍ബുദകാരികളാണ്. അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ചുവന്ന മാംസത്തിന്റെ അമിതോപയോഗം അര്‍ബുദത്തിനിടയാക്കും. മാംസാഹരികളുടെ കുടലില്‍ കാണുന്ന "നൈട്രോസോ' സംയുക്തങ്ങള്‍ ഡിഎന്‍എയുമായി ചേര്‍ന്ന് കോശങ്ങള്‍ക്ക് അസ്ഥിരത ഉണ്ടാക്കിയാണ് അര്‍ബുദമായി മാറുന്നത്. മാംസം കേടുവരാതിരിക്കാന്‍ ഉപയോഗിക്കുന്ന നൈട്രേറ്റ് എന്ന രാസവസ്തുവും ആമാശയ ക്യാന്‍സറിന് ഇടയാക്കുന്നു. കൂടാതെ മാംസം കനലില്‍ വച്ചോ, ഗ്രില്ലില്‍ വച്ചോ ഉയര്‍ന്ന ചൂടില്‍ പാകംചെയ്യുമ്പോള്‍ ഉണ്ടാകുന്ന രാസവസ്തുക്കളും അര്‍ബുദകാരികളാണ്. എന്നാല്‍ മത്തി, ചൂട, ചൂര, കിളിമീന്‍ തുടങ്ങിയ മത്സ്യങ്ങളും, തൊലികളഞ്ഞ കോഴിയിറച്ചിയും നാടന്‍രീതിയില്‍ പാകപ്പെടുത്തുന്നത് ഗുണകരമാണ്.

നിലക്കടയില്‍ കണ്ടുവരുന്ന പൂപ്പുകളും അര്‍ബുദത്തിന് ഇടയാക്കുന്നതിനാല്‍ ഒഴിവാക്കണം. ഏത് എണ്ണയായാലും വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നതും അപകടകരമാണ്. സസ്യ-മാംസ വിഭവങ്ങളില്‍ ഹോട്ടലുകളിലും മറ്റും സമൃദ്ധമായി ചേര്‍ത്തുവരുന്ന അജിനോമോട്ടോ ആരോഗ്യത്തിന് ഗുണകരമല്ലാത്തതിനാല്‍ തീര്‍ത്തും ഉപേക്ഷിക്കേണ്ടതാണ്. ജീവിതശൈലി ക്രമീകരണം അനിവാര്യംമാതൃകാപരമായ ജീവിതശൈലി ക്രമീകരണത്തിലൂടെ മാത്രമേ അര്‍ബുദത്തെ പ്രതിരോധിക്കാനാവു. കൊഴുപ്പും ഉപ്പും കുറഞ്ഞ ഭക്ഷണശീലങ്ങളും, ചിട്ടയായ ലഘുവ്യായാമങ്ങളും മദ്യപാനം, പുകവലി ഇവ ഒഴിവാക്കലും ജീവിതശൈലി ക്രമീകരണത്തിന് അനിവാര്യമാണ്. ഒപ്പം മാനസിക പിരിമുറുക്കം ലഘൂകരിക്കുകയും വേണം. ഇന്നു കാണുന്ന അര്‍ബുദങ്ങളില്‍ ഏറിയ പങ്കിനും ഭക്ഷണരീതിയില്‍ വന്ന മാറ്റങ്ങളുമായി ഏറെ ബന്ധമുണ്ട്. കഴിക്കുന്ന ആഹാരത്തിന്റെ വിഘടനവും ആഗീകരണവും എല്ലാം നിയന്ത്രിക്കുന്നത് ദഹനരസങ്ങളാണ്. അമിതാഹാരം, വ്യായാമക്കുറവ്, അനാരോഗ്യകരമായ പാചകരീതികള്‍ തുടങ്ങിയ ഘടകങ്ങള്‍ എല്ലാം നിരന്തരമായി ദഹനരസങ്ങളുടെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. തെറ്റായ ഭക്ഷണശീലങ്ങളിലൂടെ കുടലിനകത്ത് വിവിധതരത്തിലുള്ള വിഷപദാര്‍ഥങ്ങള്‍ അടിഞ്ഞ് അര്‍ബുദംപോലെയുള്ള രോഗങ്ങള്‍ക്ക് വഴിയൊരുക്കാറുണ്ട് . ദഹനപ്രശ്നങ്ങള്‍ പരിഹരിക്കുന്നതോടൊപ്പം "ശോധന ചികിത്സ'യും ഈ അവസ്ഥകള്‍ക്ക് മികച്ച പരിഹാരങ്ങള്‍ നല്‍കാറുണ്ട്. ഒപ്പം പ്രതിരോധശേഷിയും നേടാനാകും. അര്‍ബുദ പ്രതിരോധത്തിന് കുട്ടിക്കാലത്തേ തുടങ്ങുന്ന അവബോധം അനിവാര്യമാണ്. അന്ധവിശ്വാസങ്ങളിലേക്കും, ഒറ്റമൂലികളിലേക്കും അര്‍ബുദരോഗികളെ നയിക്കുന്ന തെറ്റായ പ്രവണതകള്‍ ഇല്ലാതാക്കാനും അവബോധത്തിലൂടെ സാധിക്കും.No comments

Powered by Blogger.