Header Ads

മാറ്റത്തിന്റെ പാതയില്‍ നടക്കാവ് ഹയര്‍സെക്കന്ററി സ്‌ക്കൂള്‍


http://www.citydays.in/kozhikode/wp-content/uploads/sites/2/2015/01/Nadakkavu-School.jpg

ഭൂതകാലത്തിന്റെ ഇടനാഴികളില്‍നിന്നും വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട് ഭാവിയിലേക്ക് കുതിച്ചുചാടാനൊരുങ്ങുന്ന ഒരു സര്‍ക്കാര്‍ പെണ്‍വിദ്യാലയത്തിന്റെ വിജയഗാഥയാണ് നടക്കാവ് ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂള്‍ പറയുന്നത്. മൂന്നു വര്‍ഷം മുന്‍പ് സ്‌കൂള്‍ സന്ദര്‍ശിച്ചവര്‍ ‘ഈ മാറ്റം അസംഭാവ്യം’ എന്നെ പറയു. മറ്റേ െ താരു സാധാരണ സര്‍ക്കാര്‍ സ്‌കൂളിനെയുംപോലെ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാതെ ഇല്ലായ്മകള്‍ മാത്രം കൂട്ടുള്ള സ്‌കൂളായിരുന്നു നടക്കാവ് ഗേള്‍സ് ഹൈസ്‌കൂള്‍. പരിമിതികളുടെയും പരാധീനതകളുടെയും നടുവില്‍ നട്ടംതിരിഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് അത്ഭുതങ്ങള്‍ സംഭവിക്കുന്നത്. സാമൂഹ്യമാറ്റത്തിന്റെ നാഴികല്ലുകള്‍ അങ്ങനെയാണ്. എവിടെയോ, ആരോ എന്തോ ഒരു നിമിത്തം. അതാണ് ഇവിടെയും സംഭവിച്ചത്. അസംഭാവ്യതകളെ സംഭവിപ്പിച്ച ആ അനുഭവ വഴികളിലൂടെ ചുവടുവെയ്ക്കുകയാണ് ഞങ്ങള്‍.
1893 -ല്‍ ട്രെയിനിങ്ങ് സ്‌കൂളായി പ്രവര്‍ത്തനം തുടങ്ങിയതാണ് നടക്കാവ് സ്‌കൂള്‍. നിലവാരമില്ലാത്ത കെട്ടിടങ്ങളായതു കൊണ്ട് നല്ലൊരു കാറ്റടിച്ചപ്പോള്‍ 1934 -ല്‍ സ്‌കൂള്‍ കെട്ടിടം പറന്നുപോയ ചരിത്രവുമുണ്ട്. പിന്നീടാണ് 1938-ല്‍ ഇന്നും സ്‌കൂളില്‍ പൈതൃക കെട്ടിടമായി നിലനിര്‍ത്തിയിരിക്കുന്ന എട്ടുകെട്ടിന്റെ പണി പൂര്‍ത്തിയാക്കിയത്. 1990-ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കൂടി നടക്കാവ് സ്‌കൂളിലേക്ക് വന്നതോടെ കോഴ്‌സുകളും കുട്ടികളും ഒരുപാടായി. സ്‌കൂള്‍ വികസിക്കുകയായിരുന്നു. പക്ഷെ അടിസ്ഥാന സൗകര്യങ്ങള്‍ അതിനനുസരിച്ച് വികസിച്ചില്ല.
സാധാരണക്കാരുടെ മക്കള്‍ മാത്രം പ്രവേശനം തേടിയിരുന്ന സ്‌കൂളായിരുന്നു ഇത്. അതുകൊണ്ടുതന്നെയാവണം, ഈ സ്‌ക്കൂളില്‍ ആടുന്ന ബെഞ്ചുകളും ചോരുന്ന മേല്‍ക്കൂരയും വൃത്തിഹീനമായ ശുചിമുറികളും, കല്ലും മണ്ണും നിറഞ്ഞ ഗ്രൗണ്ടും, ആവശ്യത്തിന് ഉപകരണങ്ങളില്ലാത്ത ലാബും, സൗകര്യങ്ങളില്ലാത്ത അടുക്കളയും അങ്ങനെ ഇല്ലായ്മകളായിരുന്നു ധാരാളമായി ഉണ്ടായിരുന്നത്.
ഇങ്ങനെ ഇല്ലായ്മകള്‍ നിറഞ്ഞു നില്‍ക്കുമ്പേഴാണ് അത്ഭുതങ്ങള്‍ സംഭവിക്കുന്നത്. അതിന് നിമിത്തമായതോ, സ്ഥലം എം.എല്‍.എ. ശ്രീ. എ. പ്രദീപ് കുമാറും. സര്‍ക്കാര്‍ സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലുയര്‍ത്തുക എന്നത് താന്‍ മാത്രം വിചാരിച്ചാല്‍ നടപ്പാക്കാവുന്ന ഒന്നല്ല എന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായിരുന്നു. അങ്ങനെയാണ് 2008ല്‍ പ്രിസം (പ്രമോട്ടിംങ് റീജനല്‍ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡാര്‍ഡ് ത്രൂ മള്‍ട്ടിപ്പിള്‍ ഇന്‍ര്‍വെന്‍ഷന്‍) എന്ന തന്റെ സ്വപ്ന പദ്ധതിക്ക് അദ്ദേഹം തുടക്കമിടുന്നത്. പൊതു വിദ്യാലയങ്ങളോട് ഭരണകൂടം തുടരുന്ന അവഗണനക്ക് പൊതു സമൂഹത്തിന്റെ മറുപടികൂടിയായിരുന്നു ഈ പദ്ധതി. ഒരു ജനപ്രതിനിധി നടത്തിയ ഇടപെടലിന്റെ ഫലം ആരെയും അമ്പരപ്പിക്കുന്നതായിരുന്നു.
മികവിന്റെ അമരക്കാരന്‍ പറഞ്ഞത്.
“നടക്കാവ് ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്ന വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ ശ്രീ. പ്രദീപ് കുമാര്‍ വാചാലനായി.
നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണമേന്മ വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വാസ്തവത്തില്‍ സര്‍ക്കാരാണ് ചെയ്യേണ്ടത്. മുന്‍ ഗവണ്‍മെന്റിന്റെ കാലത്ത് വിദ്യാഭ്യാസ വികസനത്തിന് വലിയ മുന്‍ഗണന നല്‍കിയിരുന്നു. എങ്കിലും അതു മാത്രം പോര. അതിനപ്പുറത്തേക്ക്, ലോക നിലവാരത്തിലേക്ക് ഓരോ സ്‌കൂളും എത്തിച്ചേരണം. ഇത് കേവലം ഇന്‍ഫ്രാസ്‌ട്രെക്ചറിന്റെ മാത്രം അടിസ്ഥാനത്തിലല്ല ഞാന്‍ പറയുന്നത്. നമ്മുടെ സ്‌കൂളില്‍ പഠിച്ച് പ്ലസ്-ടു കഴിഞ്ഞു വരുന്ന കുട്ടികള്‍ക്ക് ലോക നിലവാരത്തിലുള്ള കുട്ടികളോട് കോംപീറ്റ് ചെയ്യാന്‍ പറ്റണം. അതിന് ഇന്‍ഫ്രാസ്‌ട്രെക്ചര്‍ പ്രധാനമാണ്. അതുപോലെ അക്കാദമിക് പ്രവര്‍ത്തനങ്ങളും അക്കാദമികേതര പ്രവര്‍ത്തനങ്ങളും പ്രധാനമാണ്. ഇതിനൊക്കെ സഹായകരമായ സമഗ്രമായ ഒരു പദ്ധതിയാണ് നമ്മള്‍ ആവിഷ്‌കരിക്കേത്. ആ പദ്ധതി രൂപീകരിക്കുന്ന സമയത്തുതന്നെ ഞാനതിന് ഐ.ഐ.എമ്മിന്റെ സഹായം തേടി. ശ്രീ. സജി ഗോപിനാഥുമായാണ് ഞാനാദ്യം സംസാരിച്ചത്. ലോകത്തില്‍ ഒരുകൂട്ടം നല്ല സ്‌കൂളുകളുണ്ട്. ആ സ്‌കൂളുകളുടെ സൗകര്യം, സൗന്ദര്യം, സാങ്കേതികവിദ്യ, അക്കാദമിക് നിലവാരം എന്നിവയൊക്കെ നാലഞ്ച് വര്‍ഷംകൊണ്ട് ഒരു ഗവണ്‍മെന്റ് സ്‌കൂളില്‍ നടപ്പാക്കാനാവുമോ എന്നതായിരുന്നു എന്റെ പ്രശ്‌നം. ശ്രീ. ഗോപിനാഥിന് ഈ ആശയം ഇഷ്ടപ്പെട്ടു. ഇതേക്കുറിച്ച് ഐ.ഐ.എം. ഒരു പഠനം നടത്താമെന്നും അദ്ദേഹം പറഞ്ഞു. ഏത് സ്‌കൂളില്‍ പദ്ധതി കൊണ്ടുവരണം എന്ന് അദ്ദേഹം ആരാഞ്ഞു. ആഴ്ച്ചവട്ടം സ്‌കൂള്‍, നടക്കാവ് ഗേള്‍സ് ഹൈസ്‌കൂള്‍, കാരപ്പറമ്പ് ഹൈസ്‌കൂള്‍ എന്നിവയായിരുന്നു ആദ്യത്തെ എന്റെ നിര്‍ദ്ദേശം. പിന്നെ എന്റെ നിയോജകമണ്ഡലത്തിലല്ലാതായതിനാല്‍ ആഴ്ച്ചവട്ടം സ്‌കൂളിനു പകരം മെഡിക്കല്‍ കോളേഡ് ക്യാമ്പസ് ഹൈസ്‌കൂള്‍ തെരഞ്ഞെടുക്കുകയായിരുന്നു. ഈ സ്‌കൂളുകള്‍ തെരഞ്ഞെടുക്കുന്നതിന് ചില മാനദണ്ഡങ്ങളുണ്ടായിരുന്നു. നിയോജകമണ്ഡലത്തിന്റെ മൂന്ന് വ്യത്യസ്ത ഭാഗങ്ങളിലുള്ളവയാണ് ഈ സ്‌കൂളുകള്‍. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളാണ് നടക്കാവ്. കാരപ്പറമ്പ് സ്‌കൂളാവട്ടെ പൊളിഞ്ഞുപോയ സ്‌കൂളാണ്. പണ്ട് ആയിരത്തഞ്ഞൂറ് – രണ്ടായിരം കുട്ടികളുണ്ടായിരുന്ന സ്ഥാനത്ത് ഈ പ്രോജക്റ്റ് തുടങ്ങുമ്പോള്‍ അവിടെയുണ്ടായിരുന്നത് 137 കുട്ടികള്‍ മാത്രമാണ്. ഈ പ്രോജക്റ്റ് നടപ്പാക്കിത്തുടങ്ങിയതോടെ ഇപ്പോള്‍ 750 കുട്ടികളില്‍ കൂടുതലുണ്ട്. അതില്‍ത്തന്നെ 90 കുട്ടികള്‍ ഒരു ട്രൈബല്‍ ഹോസ്റ്റലിലെ കുട്ടികളാണ്. വികസനം വരുന്നു എന്ന തോന്നലുണ്ടായപ്പോള്‍ത്തന്നെ അഡ്മിഷന്‍ വര്‍ധിച്ചു എന്നര്‍ത്ഥം. മെഡിക്കല്‍ കോളേജ് ക്യാമ്പസ് ഹൈസ്‌കൂളില്‍ പത്ത് രണ്ടായിരം കുട്ടികള്‍ പഠിക്കുന്നുണ്ടെങ്കിലും അവിടെ സൗകര്യങ്ങള്‍ തീരെ കുറവാണ്. ഈ മൂന്ന് സ്‌കൂളിന്റെ ഗ്യാപ് അനാലിസിസ് സ്റ്റഡി നടത്തിയിട്ടാണ് ഗവര്‍മെണ്ടിന് ഈ പദ്ധതി ഞാന്‍ സമര്‍പ്പിച്ചത്. ആ പ്രോജക്റ്റിനെയാണ് അന്നത്തെ ഗവര്‍മെണ്ട് മാതൃകാ പദ്ധതിയായി അംഗീകരിച്ചത്. അന്ന് പണമൊന്നും തന്നില്ല. എം.എല്‍.എ. ഫണ്ടുപയോഗിച്ച് തുടങ്ങാനാണ് നിര്‍ദ്ദേശിച്ചത്. അങ്ങനെ, ആദ്യമായി നടക്കാവ് സ്‌കൂളില്‍ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ ശ്രമം തുടങ്ങി. പഴയ എട്ട്‌കെട്ട് കെട്ടിടം നവീകരിക്കാന്‍ ഡി.പി.ഐ.യുടെ ഹെറിറ്റേജ് മെയിന്റനന്‍സ് ഫണ്ട് ലഭിച്ചു. ഇങ്ങനെയൊരു ഫണ്ടുണ്ടെന്നുപോലും പലര്‍ക്കും അറിയില്ല. ശ്രീ. തോമസ് ഐസക് ധനമന്ത്രിയായിരുന്നപ്പോള്‍ വിഷന്‍ 2011-ന്റെ ഭാഗമായി എല്ലാ എം.എല്‍.എ.മാര്‍ക്കും മണ്ഡല വികസനത്തിനായി ഈരണ്ട് കോടി രൂപവീതം അനുവദിച്ചിരുന്നു. പലരും അതുപയോഗിച്ച് റോഡാണ് ചെയ്തതെങ്കില്‍ ഞാനത് സ്‌കൂള്‍ വികസനത്തിനു വേണ്ടി വിനിയോഗിച്ചു. അതുപയോഗിച്ച് നടക്കാവിലും മറ്റും കെട്ടിടങ്ങളുണ്ടാക്കി. പിന്നെ എം.എല്‍.എ. ഫണ്ടുപയോഗിച്ചു. അതുകൊണ്ടാണ് മുന്‍വശത്തെ മനോഹരമായ കവാടവും ചുറ്റുമതിലുമെല്ലാം നിര്‍മ്മിച്ചത്. അതിനു പുറമെ കമ്പ്യൂട്ടര്‍, എല്‍.സി.ഡി. പ്രൊജക്റ്റര്‍, ക്യാമറ, ഹോംതിയേറ്റര്‍, എഡ്യൂസാറ്റിന്റെ വിക്‌ടേഴ്‌സ് ചാനല്‍, ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയെല്ലാമുള്ള ഇരുപത് മള്‍ട്ടിമീഡിയാ ക്ലാസ് റൂമുകളും സജ്ജീകരിച്ചു. ഇവിടുത്തെ പ്രമാണി സ്‌കൂളുകളില്‍പോലും ഒരോരോ മള്‍ട്ടിമീഡിയാ ക്ലാസ്‌റൂം മാത്രം ഉള്ളപ്പോഴാണ് ഇവിടെ 20 ക്ലാസ്‌റൂമുകള്‍ വന്നത്. പിന്നെ, ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സഹായത്തോടെ പ്ലാനറ്റോറിയത്തിലുള്ളതുപോലുള്ള മികച്ച ടെലസ്‌കോപ് ഞങ്ങളതിന്റെ റൂഫ് ടോപ്പില്‍ സ്ഥാപിക്കുകയും സിവി രാമന്‍ സെന്റര്‍ ഫോര്‍ ബേസിക് അസ്‌ട്രോണമി എന്ന സ്ഥാപനം അവിടെ തുടങ്ങുകയും ചെയ്തു. അസ്‌ട്രോണമിയെക്കുറിച്ച് നിങ്ങള്‍ക്ക് പഠിക്കണമെങ്കില്‍ അവിടുത്തെ ഒരാഴ്ച്ചത്തെ കോഴ്‌സിന് വന്നാല്‍ മതി. പഠനശേഷം സര്‍ട്ടിഫിക്കറ്റ്‌പോലും തരാനുള്ള സംവിധാനം അവിടെയുണ്ട്. മറ്റ് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് ഇവിടെ വന്ന് വാനനിരീക്ഷണം നടത്താനും സൗകര്യമുണ്ട്.

No comments

Powered by Blogger.