വൃക്കരോഗങ്ങള്‍ തടയാം


http://www.ubergizmo.com/wp-content/uploads/2012/04/kidney.jpg

തെറ്റായ ജീവിതശൈലി സമ്മാനിച്ച രോഗങ്ങളാണ് ഇന്ന് നമ്മുടെ സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ വ്യാപിക്കുന്നത്. പ്രമേഹവും രക്തസമ്മര്‍ദവും കൊളസ്ട്രോള്‍ പ്രശ്നങ്ങളുമൊക്കെ പകര്‍ച്ചവ്യാധിപോലെ പടര്‍ന്നുപിടിക്കുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകൊണ്ട് നമ്മുടെ ഇടയില്‍ ഏറ്റവും കൂടുതലായി കാണുന്ന ജീവിതശൈലി രോഗമാണ് വൃക്കരോഗങ്ങള്‍. വൃക്ക സ്തംഭനം, ഡയാലിസിസ്, വൃക്ക മാറ്റിവയ്ക്കല്‍ തുടങ്ങിയ പദങ്ങള്‍ മലയാളിക്ക് സുപരിചിതമാണ്. ചെറിയ പട്ടണങ്ങളില്‍പ്പോലും പുതിയ ഡയാലിസിസ് സെന്ററുകള്‍ ആരംഭിക്കുന്നു. സമീപഭാവിയില്‍ നമ്മുടെ നാടിന് താങ്ങാനാകാത്ത വിധം വൃക്കരോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുമെന്നാണ് വൈദ്യശാസ്ത്ര ലോകത്തിന്റെ ആശങ്ക.

പ്രമേഹംതന്നെ മുഖ്യകാരണം
കേരളം പ്രമേഹത്തിന്റെ സ്വന്തം നാടെന്നാണ് അറിയപ്പെടുന്നത്. കേരളത്തില്‍ അടുത്തയിടെ വൃക്കരോഗികളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനയുടെ പ്രധാന കാരണം പ്രമേഹമാണ്. പ്രമേഹം ഉള്ളവരില്‍ 40 ശതമാനത്തോളം രോഗികള്‍ക്ക് 10 മുതല്‍ 15 വര്‍ഷം കഴിയുമ്പോള്‍ വൃക്കരോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുവരുന്നു. ഡയബറ്റിക് നെഫ്രോപതി എന്നു വിളിക്കുന്ന ഈ രോഗാവസ്ഥയുടെ പ്രധാന ലക്ഷണം മൂത്രത്തില്‍ ആല്‍ബുമിന്റെ സാന്നിധ്യമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിയന്ത്രിക്കാത്തവര്‍ക്കാണ് വൃക്കരോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതല്‍. കൂടാതെ രക്താതിസമ്മര്‍ദം ഉള്ളവര്‍ക്കും പുകവലിക്കുന്നവര്‍ക്കും, പാരമ്പര്യമായി കുടുംബത്തില്‍ ആര്‍ക്കെങ്കിലും പ്രമേഹത്തെത്തുടര്‍ന്നുള്ള വൃക്കരോഗം ഉണ്ടെങ്കിലും സാധ്യത കൂടുതലാണ്. എലിപ്പനി, മലേറിയ, മറ്റു രോഗാണുബാധകള്‍ തുടങ്ങിയവ താല്‍ക്കാലിക വൃക്കസ്തംഭനം ഉണ്ടാക്കിയേക്കാം. എലിപ്പനി ഗുരുതരമാകുന്നതിന്റെയും മരണം സംഭവിക്കുന്നതിന്റെയും പ്രധാന കാരണം വൃക്ക തകരാറാണ്. വേദനസംഹാരി മരുന്നുകളുടെ അമിത ഉപയോഗവും ദുരുപയോഗവും വൃക്കസ്തംഭനത്തിന്റെ മറ്റൊരു പ്രധാന കാരണമാണ്. ആന്റിബയോട്ടിക്കുകള്‍, അര്‍ബുദചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍, ലോഹാംശം അടങ്ങിയ ചില ഔഷധങ്ങള്‍ എന്നിവയുടെ ഉപയോഗവും താല്‍ക്കാലികമായ വൃക്കസ്തംഭനത്തിന് ഇടയാക്കാം. പ്രമേഹം കൂടാതെ ഹൈപ്പര്‍ ടെന്‍ഷന്‍, വൃക്കകളിലുണ്ടാകുന്ന കല്ലുകള്‍, ഇടയ്ക്കിടെ ഉണ്ടാകുന്ന രോഗാണുബാധ, ചില പാരമ്പര്യ തകരാറുകള്‍ എന്നിവ സ്ഥായിയായ വൃക്കസ്തംഭനത്തിന് കാരണമാകാം.

വൃക്കരോഗ ലക്ഷണങ്ങള്‍
വൃക്കരോഗത്തിന്റെ ഏറ്റവും പ്രധാന ലക്ഷണം രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുഖത്തുണ്ടാകുന്ന നീരാണ്. പിന്നീട് കൈകാലുകളിലേക്കും നീര് വ്യാപിക്കുന്നു. നീരിനോടൊപ്പം മൂത്രത്തിന്റെ അളവ് കുറയുക, മൂത്രം ഒഴിക്കുമ്പോള്‍ പത കാണുക, ക്ഷീണം, വിശപ്പില്ലായ്മ, ഉയര്‍ന്ന രക്തസമ്മര്‍ദം തുടങ്ങിയവയും വൃക്കരോഗങ്ങളുടെ സാമാന്യ ലക്ഷണങ്ങളാണ്. വൃക്കസ്തംഭനത്തെത്തുടര്‍ന്ന് രക്തത്തിലെ ലവണങ്ങളുടെയും യൂറിയ, ക്രിയാറ്റിന്‍ തുടങ്ങിയ ഘടകങ്ങളുടെയും നില ഉയരുന്നു. ഇത് ഛര്‍ദ്ദിലിനും ഓക്കാനത്തിനും കാരണമാകാം. രോഗം ഗുരുതരാവസ്ഥയിലെത്തുമ്പോള്‍ ശ്വാസംമുട്ടല്‍, അപസ്മാരം, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങളും പ്രകടമാകും. എന്നാല്‍, വൃക്കരോഗങ്ങള്‍ എപ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടമാക്കണമെന്നില്ല. അവ തികച്ചും നിശബ്ദമായി നമ്മോടൊപ്പം കൂടിയെന്നുവരും. രോഗം ഗുരുതരാവസ്ഥയില്‍ എത്തുമ്പോള്‍ മാത്രമാകും രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. ഇവിടെയാണ് പ്രമേഹരോഗികളിലും മറ്റും പരിശോധനയുടെ പ്രസക്തി.

വൃക്കയിലെ കല്ലുകള്‍
വൃക്കസ്തംഭനത്തിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് വൃക്കകളിലും മൂത്രവാഹിനിക്കുഴലിലും മറ്റും കാണപ്പെടുന്ന കല്ലുകള്‍. വൃക്കകള്‍ അരിച്ചു പുറത്തുകളയുന്ന ലവണങ്ങളുടെ സാന്ദ്രത കൂടുമ്പോള്‍ അവ പരലുകളായി രൂപപ്പെട്ട് കല്ലുകളായി മാറുകയാണ്. മൂത്രനാളിയിലും മൂത്രസഞ്ചിയിലും മറ്റും ഉള്ള ഘടനാപരമായ തകരാറുകളും രോഗാണുബാധയും കല്ലുകള്‍ രൂപപ്പെടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് വൃക്കയില്‍ കല്ലുണ്ടാകുന്നതിനുള്ള സാധ്യത കൂടുതല്‍. 20-40നും മധ്യേ പ്രായമുള്ളവരിലാണ് കല്ലുകള്‍ ഏറ്റവും കൂടുതലായി രൂപപ്പെടുന്നത്. വിട്ടുവിട്ടുള്ള അടിയവറിലെ വേദനതന്നെയാണ് കല്ലുകളുടെ പ്രധാന ലക്ഷണം. നട്ടെല്ലിന് ഇരുവശവുമുള്ള ഭാഗത്തുനിന്ന് അടിവയറ്റിലേക്ക് പടരുന്ന വേദന വൃക്കയിലെ കല്ലുരോഗത്തിന്റെ സവിശേഷ ലക്ഷണമാണ്. മൂത്രം രക്തംകലര്‍ന്നു പോവുക, മൂത്രതടസ്സം, ഛര്‍ദ്ദില്‍, പനി, കുളിരും വിറയലും തുടങ്ങിവയാണ് മറ്റു ലക്ഷണങ്ങള്‍. മൂത്രപരിശോധന, എക്സ്റേ, സ്കാനിങ് തുടങ്ങിയ പരിശോധനകളിലൂടെ വൃക്കയിലെ കല്ലുകള്‍ കണ്ടുപിടിക്കാം. മരുന്നുകള്‍ ഉപയോഗിച്ചും വൃക്കയിലെ കല്ലുകള്‍ പൊടിച്ചുകളഞ്ഞുമാണ് ചികിത്സ നടത്തുന്നത്.

ഡയാലിസിസ്-
രക്തശുദ്ധീകരണ പ്രക്രിയവൃക്കരോഗങ്ങളുടെ ചികിത്സയിലെ പ്രധാന മാര്‍ഗമാണ് ഡയാലിസിസ് യന്ത്രത്തിലൂടെ രക്തം കടത്തിവിട്ട് ശുദ്ധീകരിക്കുന്ന പ്രക്രിയ. വൃക്കകളുടെ പ്രവര്‍ത്തനം 85 ശതമാനത്തിലധികം കുറയുമ്പോള്‍ ഡയാലിസിസ് വേണ്ടിവരും. ഹിമോ ഡയാലിസിസ്, പെരിട്ടോണിയല്‍ ഡയാലിസിസ് എന്നിങ്ങനെ രണ്ടുതരം ഡയാലിസിസ് ഉണ്ട്. ഹിമോ ഡയാലിസിസ് ചെയ്യുമ്പോള്‍ രോഗിയുടെ രക്തം ഡയലൈസര്‍ എന്നു വിളിക്കുന്ന കൃത്രിമ വൃക്കയിലൂടെ കടത്തിവിടുന്നു. ഡയലൈസറിലൂടെ കടന്നുപോകുന്ന രക്തത്തില്‍നിന്ന് മാലിന്യങ്ങളും അധികലവണങ്ങളും നീക്കംചെയ്യുകയും ശുദ്ധമായ രക്തം രോഗിയുടെ ശരീരത്തിലേക്കുതന്നെ കടത്തിവിടുകയും ചെയ്യുന്നു. വയറ്റിനുള്ളിലെ കുടലുകള്‍ക്കും മറ്റ് അവയവങ്ങള്‍ക്കും ഇടയിലുള്ള പെരിട്ടോണിയല്‍ സ്ഥലത്തേക്ക് ഡയാലിസിസിനുള്ള ദ്രാവകം കടത്തിവിടുന്നു. പെരിട്ടോണിയല്‍ സ്തരത്തിലെ ചെറു രക്തക്കുഴലുകളില്‍നിന്ന് മാലിന്യങ്ങള്‍ പെരിട്ടോണിയല്‍ സ്ഥലത്തിനകത്തുള്ള ദ്രാവകത്തിലേക്ക് കടന്നുവരുന്നു. ഈ ദ്രാവകം പുറത്തേക്ക് ഒഴുക്കിക്കളഞ്ഞ് രോഗിയുടെ രക്തം ശുദ്ധീകരിക്കപ്പെടുന്നു. ഇതാണ് പെരിട്ടോണിയല്‍ ഡയാലിസിസ്.

ഹിമോ ഡയാലിസിസ് ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്താണ് നിര്‍വഹിക്കുന്നത്. എന്നാല്‍, ക്രമേണ ലളിതമായ പ്രക്രിയയായ പെരിട്ടോണിയല്‍ ഡയാലിസിസ് വീട്ടില്‍ത്തന്നെ ചെയ്യാന്‍കഴിയും. ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്നപ്രകാരം മരുന്നും ഭക്ഷണവും കഴിക്കാന്‍ ശ്രദ്ധിക്കണം. കൃത്യമായ ഇടവേളകളില്‍ ഡയാലിസിസ് ചെയ്യണം.വൃക്കരോഗികളുടെ ഭക്ഷണക്രമീകരണംവൃക്ക തകരാര്‍ ഉള്ളവര്‍ ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് കുറയ്ക്കണം. ഉപ്പിലിട്ട അച്ചാറുകള്‍, പപ്പടം, ചോറിലും കഞ്ഞിയിലും ഉപ്പൊഴിച്ചു കഴിക്കുക തുടങ്ങിയവ ഒഴിവാക്കണം. കൊഴുപ്പ് അധികമായി അടങ്ങിയ വറുത്തതും പൊരിച്ചതുമായ ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കണം. വൃക്കസ്തംഭനം ഉള്ളവര്‍ക്ക് രക്തത്തിലെ പൊട്ടാസിയം നില കൂടാമെന്നതുകൊണ്ട് പൊട്ടാസിയം സമൃദ്ധമായി അടങ്ങിയ ഓറഞ്ച്, നാരങ്ങ, മുന്തിരങ്ങ, കരിക്കിന്‍വെള്ളം തുടങ്ങിയവ ഒഴിവാക്കണം. മാംസ്യം കൂടുതലുള്ള പയറുവര്‍ഗങ്ങള്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍, മാംസവിഭവങ്ങള്‍ എന്നിവയും നിയന്ത്രിക്കണം. വൃക്കരോഗങ്ങള്‍ ഉള്ളവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമാകണം കുടിക്കുന്ന വെള്ളത്തിന്റെ അളവ് തീരുമാനിക്കുന്നത്. ആരോഗ്യവാനായ ഒരു വ്യക്തി ദിവസവും എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. എന്നാല്‍, വൃക്ക സ്തംഭനം ഉള്ളവര്‍ക്ക് മൂത്രത്തിന്റെ അളവ് കുറവായതിനാല്‍ കൂടുതല്‍ വെള്ളം കുടിച്ചാല്‍ ശരീരത്തില്‍ നീരും ശ്വാസതടസ്സവും ഉണ്ടാകാനിടയുണ്ട്. വൃക്കയില്‍ കല്ലുകളുണ്ടാകുന്ന പ്രശ്നം ഉള്ളവര്‍ നിലക്കടല, ബീറ്റ്റൂട്ട്, ചോക്ക്ലേറ്റ്, തേയില എന്നിവയുടെ ഉപയോഗം നിയന്ത്രിക്കണം. ഇവയില്‍ അടങ്ങിയ ഓക്സലേറ്റുകള്‍ കാത്സ്യവുമായി ചേര്‍ന്ന് കല്ലുകള്‍ രൂപപ്പെടുന്നു. മത്തി, കരള്‍ തുടങ്ങിയവ മൂത്രത്തില്‍ കല്ലുള്ളവര്‍ ഒഴിവാക്കണം. ഇവയിലടങ്ങിയ പ്യൂറിന്‍ എന്ന മാംസ്യമാണ് കല്ലുണ്ടാക്കുന്നതിനു കാരണം. തവിടുകളയാത്ത ധാന്യങ്ങള്‍, ഉരുളക്കിഴങ്ങ് എന്നിവയില്‍ സമൃദ്ധമായി അടങ്ങിയ മഗ്നീഷ്യം കിഡ്നിസ്റ്റോണ്‍ രൂപപ്പെടുന്നതിനെ തടയുന്നു. വൃക്കയില്‍ കല്ലിന്റെ പ്രശ്നം ഉള്ളവര്‍ കൃത്യമായ ഇടവേളകളില്‍ ധാരാളം വെള്ളം കുടിക്കണം. ഡോക്ടറുടെ നിര്‍ദേശപ്രകാരമാകകണം കുടിക്കുന്ന വെള്ളത്തിന്റെ അളവു ക്രമീകരിക്കുന്നത്.


Share this

Related Posts

Previous
Next Post »